ആലുവ: ടൗൺ ബസ്റ്റാൻഡ് പോസ്റ്റ് ഓഫീസും ആലുവ അശോകപുരം പോസ്റ്റ് ഓഫീസും നിർത്തലാക്കാനുള്ള തപാൽ വകുപ്പിന്റെ നീക്കം പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യക്ക് കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടലിനെതിരെ ഉപരോധസമരം
ആലുവ: ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിൽ മുന്നിൽ ഉപരോധ സമരം നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ളനീക്കത്തിൽനിന്നു തപാൽ വകുപ്പ് പിന്മാറണമെന്ന് സീനിയർ സൂപ്രണ്ട് ജെസി ജോർജുമായുള്ള ചർച്ചയിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.
അശോകപുരം പോസ്റ്റ് ഓഫീസ് അടയ്ക്കുന്നില്ലെന്ന്
ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ നിർദേശം ഇല്ലെന്നും ഡിപാർട്ട്മെന്റൽ പണമിടപാടുകളിൽ ക്രമീകരണം ഏർപ്പെടുത്തുക മാത്രമാണെന്നും പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. എന്നാൽ ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് പ്രവർത്തനം അവസാനിപിക്കാൻ നിർദ്ദേശം ഉണ്ടെന്നും അറിയിച്ചു.